കണ്ണൂർ • കൊട്ടിയൂരിൽ അടുത്ത വർഷത്തെ വൈശാഖ ഉത്സവത്തിന് മുൻപ് തന്നെ 150 ശുചിമുറികൾ കൂടി നിർമിക്കുമെന്ന് കൊട്ടിയൂർ ദേവസ്വം എക്സിക്യൂട്ടീവ് ഓഫിസർ കെ.ഗോകുൽ അറിയിച്ചു. കണ്ണൂർ കലക്ടറേറ്റിൽ ചേർന്ന കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്റെറെ പ്രതിമാസ അവലോകന യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കുടിവെള്ളത്തിനായി മൂന്ന് കുഴൽ കിണർ കൂടി കുഴിക്കും. ഈ വർഷത്തെ ഉത്സവം ഭംഗിയായി നടന്നതായി ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ബിനോയ് കുര്യൻ വിലയിരുത്തി. വരും വർഷങ്ങളിൽ കൂടുതൽ തീർഥാടകർ എത്താൻ സാധ്യതയുള്ളതിനാൽ പ്രദേശവാസികൾ ഹോംസ്‌റ്റേ മാതൃകയുമായി വന്നാൽ വരുമാനമാർഗമായി മാറുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ചൂണ്ടിക്കാട്ടി മാലിന്യ സംസ്‌കരണം, ഗതാഗതം, പാർക്കിങ് തുടങ്ങിയ പ്രധാന വിഷയങ്ങളിൽ വലിയ പരാതികൾ ഉണ്ടായില്ലെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച ജില്ലാ കലക്‌ടർ പി.വിഷ്‌ണുരാജ് പറഞ്ഞു. ഇതര സംസ്ഥാനത്ത് നിന്ന് വരുന്ന തീർഥാടകർ പുഴയിൽ തുണി ഉപേക്ഷിക്കുന്ന പ്രവണത കൃത്യമായ ബോധവൽക്കരണത്തിലൂടെ തടയാൻ സാധിച്ചു. പേരാവൂർ ബ്ലോക്ക് പരിധിയിലുള്ള പഞ്ചായത്തുകളിൽ നിന്ന് ഹരിതകർമ സേന അംഗങ്ങളെ ശുചീകരണത്തിനായി നിയോഗിക്കും. ഇവരുടെ പട്ടിക ഉത്സവം തുടങ്ങുന്നതിന് ഒരു മാസം മുൻപ് കൈമാറും. റോഡിൻ്റെ വശങ്ങൾ വൃത്തിയാക്കൽ, കുടിവെള്ള വിതരണത്തിന് പൈപ്പിടാൻ കുഴിയെടുക്കൽ എന്നിവ ഉത്സവ കാലത്തിനു മുൻപ് പൂർത്തിയാക്കണമെന്ന് യോഗത്തിൽ അഭിപ്രായമുയർന്നു. റോഡുകളുടെ വീതി കൂട്ടുകയും വൈദ്യുതി തൂണുകൾ മാറ്റുകയും ചെയ്‌താൽ ഗതാഗത പ്രശ്നത്തിന് പരിഹാരമാകും. കുടിവെള്ള ശുദ്ധീകരണത്തിനായി കേന്ദ്രീകൃത സംവിധാനം നടപ്പാക്കാൻ സാധിക്കുമോ എന്ന് പരിശോധിക്കാൻ ജില്ലാ കലക്ടർ ജല അതോറിറ്റിയോട് നിർദേശിച്ചു. യോഗത്തിൽ പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഇന്ദിര ശ്രീധരൻ, തലശ്ശേരി സബ് കലക്ടർ ഇൻ ചാർജ് സി.വി പ്രകാശൻ, ഇരിട്ടി തഹസിൽദാർ എൻ.സീമ, ഹുസൂർ ശിരസ്‌തദാർ രാജേഷ് ഖന്ന, പൊതുമരാമത്ത്, കെ.എസ്.ഇ.ബി, ആരോഗ്യം, ജല അതോറിറ്റി, പൊലീസ്, വനം, അഗ്നിരക്ഷാസേന, ലീഗൽ മെട്രോളജി, ഭക്ഷ്യസുരക്ഷ, ശുചിത്വമിഷൻ, കുടുംബശ്രീ വകുപ്പ് ഉദ്യോഗസ്‌ഥർ പങ്കെടുത്തു.
150 toilets will be constructed in Kottiyur.




















